ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടിലും ഓഫീസിലും നടന്ന ആദായനികുതി വകുപ്പ് റെയ്ഡ് കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടിയെന്ന് ശിവസേന. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനാല്‍ ഇരുവരും നടപടി നേരിടേണ്ടിവന്നതെന്ന് മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ ശിവസേന ആരോപിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രേഹ കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ അതേദിവസം തന്നെയാണ് കേന്ദ്രത്തെ വിമര്‍ശിച്ച താരങ്ങള്‍ക്കെതിരേ റെയ്ഡ് നടന്നതെന്നും സാമ്നയിലെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ബോളിവുഡിലെ റെയ്ഡിന് പുറമേ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റ്, ദീപിക പദുകോണിനെതിരേയുള്ള കുപ്രചാരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്തെ മോശപ്പെടുത്തുന്നുവെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോഴത്തെ റെയ്ഡിന് സമാനമായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജെ.എന്‍.യു സര്‍വകലാശാല സന്ദര്‍ശിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദീപിക പദുകോണിനെതിരേ നിശബ്ദമായ അക്രമണങ്ങളും മോശം പ്രചാരണങ്ങളും ആരംഭിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.