വാഷിങ്ടണ്‍: കോവിഡാനന്തര കാലത്തേക്കുള്ള അമേരിക്കയുടെ തിരിച്ചുവരവിന് ആരു നേതൃത്വം നല്‍കണമെന്നു തീരുമാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ഒരുങ്ങുകയാണ് യുഎസ് ജനത. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനും തമ്മിലാണ് പോരാട്ടം
കോവിഡ് കണക്കിലെടുത്ത് 86 ദശലക്ഷത്തിലേറെ വോട്ടര്‍മാര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു കഴിഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം ആളുകള്‍ മുന്‍കൂറായി വോട്ട് രേഖപ്പെടുത്തുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ ബൈഡനു മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനങ്ങള്‍. അതേസമയം, പോളിങ് ദിനത്തില്‍ തന്റെ വിജയം ഉറപ്പാകുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
അഭിപ്രായ സര്‍വേകളിലും ബൈഡന് മുന്‍തൂക്കമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ബൈഡന് ജയിച്ചാല്‍ അത് അമേരിക്കയില്‍ പുതിയ ചരിത്രമായി മാറും. സിറ്റിംഗ് പ്രസിഡന്റിന്റെ രണ്ടാം ടേം അട്ടിമറിക്കും ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗ്ഗക്കാരി അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്നതിനും അമേരിക്കന്‍ ജനത സാക്ഷ്യംവഹിക്കും.
ഇന്ത്യന്‍ വംശജയായ കമലാ ഹാരീസാണ് ഡെമോക്രാറ്റിക്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. അമേരിക്കയുടെ രണ്ടാമത്തെ വലിയ പദവിയില്‍ എത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ വനിത, ആദ്യ ഏഷ്യനമേരിക്കന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലാണ് കമല ചരിത്രമാവുക.