കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ വിട്ടു നിന്നെന്ന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കുന്നത്. യുഡിഎഫ് എംപിമാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയില്‍ പദ്ധതിക്ക് താന്‍ നിലവില്‍ അനുകൂലമാണ് എന്നതല്ല അര്‍ത്ഥം.
മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാന്‍ സമയം വേണം എന്നതാണ് എന്നാണ് തരൂരിന്രെ നിലപാട്. ഇക്കാര്യം താന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട് എന്നും തരൂര്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം കാസര്‍ഗോഡ് സെമി ഹൈ സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എംപി മാര്‍ ഒപ്പ് വെച്ച നിവേദനത്തില്‍ ഞാന്‍ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
എന്നാല്‍ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീര്‍ണമായ വിവിധ വശങ്ങള് മൂലം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാന്‍ സമയം വേണമെന്നുമുള്ള അഭിപ്രായമാണ് തനിക്കുള്ളത്. കെ റെയില്‍ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്‍ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാന്‍ പാടുള്ളൂ എന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫിന്റെ മറ്റ് പതിനെട്ട് എംപിമാര്രായിരുന്നു നിവേദനത്തില്‍ ഒപ്പുവച്ചത്. പുതുച്ചേരി എംപിയും നിവേദനത്തില്‍ ഒപ്പിട്ടു. വിഷയത്തില്‍ നിവേദനം നല്കിയ എംപിമാരുമായി നാളെ റെയില്‍വെ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തരൂരിന്റെ നിലപാട് ചര്‍ച്ചയായത്.