ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കൊപ്പം ആഗോള ഇന്‍ഷുറന്‍സ് കമ്ബനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക.
വിമാനത്തിനുണ്ടായ നഷ്ടമായി 51 ദശലക്ഷം ഡോളറാണ് കണക്കാക്കിയത്. യാത്രക്കാരുടേത് 38 ദശലക്ഷം ഡോളറും. മൊത്തം 89 ദശലക്ഷം ഡോളറാണ് കമ്ബനികള്‍ കണക്കാക്കിയത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയാണ് 373.83 കോടി രൂപ നല്‍കുക.
ഓഗസ്റ്റ് ഏഴിന് വൈകുന്നേരമായിരുന്നു കരിപ്പൂരില്‍ വന്‍ ദുരന്തമുണ്ടായത്. ലാന്റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ 21 പേര് മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി മൂന്നരക്കോടി രൂപയും ഇതിനകം ചെലവാക്കിയെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി പറഞ്ഞു.