തലൈവര്‍ രജനിക്ക് ഇന്ന് 70 വയസ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം 31ന് നടക്കാനിരിക്കെ, പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പരമാവധി മാറ്റു കൂട്ടാനുള്ള ഒരുക്കങ്ങള്‍ രജനികാന്തിന്റെ ഉറ്റ തോഴനും രാഷ്ട്രീയ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന ‘ഗാന്ധിമക്കള്‍ ഇയക്കം’ നേതാവുമായ തമിഴരുവി മണിയന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടിലാകെ നടത്തും.
തമിഴകത്തിന്റെ മക്കള്‍ക്ക് അദ്ദേഹം എന്നും രക്ഷകനായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ രക്ഷകന് നേരെ സിനിമയില്‍ ആരെങ്കിലും കയ്യുയര്‍ത്തുമ്പോള്‍ അവര്‍ രോഷാകുലരായത്, വില്ലനെ തോല്പ്പിക്കാനായി സ്ക്രിനിലേക്ക് അയാള്‍ക്ക് തങ്ങളുടെ കത്തിയെറിഞ്ഞു കൊടുത്തത്. തമിഴകം ഇത്രയധികം സ്നേഹിച്ച, ആരാധിച്ച, അനുകരിച്ച നടനുണ്ടാകില്ല, ഇത്രയേറെ വിദേശ ആരാധകരുള്ള മറ്റൊരു അഭിനേതാവും.
ആഘോഷത്തില്‍ രാവിലെ പങ്കെടുത്ത ശേഷം രജനി നാളെ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദിലേക്കു തിരിക്കും. മൂത്ത സഹോദരന് എന്നാണ് ‘അണ്ണാത്തെ’യുടെ അര്‍ത്ഥം. 60 ശതമാനം പൂര്‍ത്തിയായ ചിത്രം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഒരുക്കുന്നത്.
1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു എന്ന രജനികാന്ത് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. 1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. ബില്ല എന്ന ചിത്രം ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചത് രജനിയുടെ അഭിനയ ജീവിതത്തിലും വലിയ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചു.