ലോകമെമ്പാടും ആരാധകർ ഏറ്റെടുത്ത സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം 2ന്’ ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ’12th മാൻ’. ഒടിടി റിലീസിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ ഇത് ശരിവെയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് മോഹൻലാൽ അറിയിച്ചു. ചിത്രം വൈകാതെ എത്തുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എന്നാണ് റിലീസ് തീയതി എന്ന് പ്രഖ്യാപിച്ചിട്ടില്ല. കെ.ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 12th മാൻ എത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാർ, ശിവദ നായർ തുടങ്ങി ഒട്ടേറെ താരങ്ങൾ 12th മാനിൽ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ.