ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്ന് ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും. ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനം നടത്താൻ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ശുപാര്‍ശ ചെയ്തു. രണ്ടു ഘട്ടങ്ങളായാണ് സമ്മേളനം നടത്തുക. രണ്ടാം ഘട്ട ബജറ്റ് മാര്‍ച്ച് എട്ട് മുതൽ ഏപ്രില്‍ ഏട്ട് വരെ നീളും.
നാല് മണിക്കൂര്‍ മാത്രമാകും രാജ്യസഭയും ലോക്സഭയും ഓരോ ദിവസവും ചേരുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ബുധനാഴ്ച യോഗം ചേരും. സമ്പൂര്‍ണ ക്യാബിനറ്റാണ് ബുധനാഴ്ച 10.30ന് ചേരുക എന്ന് സര്‍ക്കാര്‍ അറിയിച്ചു.
കര്‍ഷക പ്രക്ഷോഭം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. കര്‍ഷക പ്രതിഷേധം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.