തിരുവനന്തപുരം : മികച്ച തൊഴിലിടത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി സംസ്ഥാനത്തെ മുന്‍നിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര് കമ്പനിയായ ആക്സിയ ടെക്നോളജീസ്.ആഗോള തലത്തില്‍ മികച്ച കമ്പനികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും മാത്രം ലഭിക്കുന്ന ”ഗ്രേറ്റ് പ്ളേസ് റ്റു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്” ന്റെ അംഗീകാരമാണ് ആക്സിയ ടെക്നോളജീസ് നേടിയിരിക്കുന്നത്. ജീവനക്കാർക്കിടയിലുള്ള ഉയർന്ന വിശ്വാസ്യതയും മികച്ച പ്രവർത്തനശൈലിയിലൂന്നിക്കൊണ്ടുള്ള തൊഴിൽ സംസ്കാരവും കമ്പനിക്ക് ഗുണമായി.
ജീവനക്കാർക്കിടയിൽ നടത്തുന്ന സ്വതന്ത്ര സർവേയിലൂടെയാണ് ഒരു കമ്പനി ഈ സർട്ടിഫിക്കറ്റിന് അർഹമാണോ എന്ന് കണ്ടെത്തുന്നത്. കമ്പനി ഒരുക്കിയിട്ടുള്ള തൊഴിൽ സംസ്കാരവും തൊഴിലാളികൾക്ക് കമ്പനിയോടുള്ള കൂറുമാണ് പ്രധാന അളവുകോൽ. ജോലിയുമായി ബന്ധപ്പെട്ട മറ്റനേകം ഘടകങ്ങളും പരിശോധിക്കപ്പെടും. മാനേജ്മെന്റിന്റെ വിശ്വാസ്യത, ജോലിയിലെ സത്യസന്ധത, ജീവനക്കാർ തമ്മിലുള്ള സഹകരണം എന്നീ ഘടകങ്ങളിൽ ഉയർന്ന സ്കോറാണ് ആക്സിയ ടെക്നോളജീസ് സ്വന്തമാക്കിയത്.
ആക്സിയ ടെക്നോളജീസിന്റെ തുടക്കകാലം മുതൽ തന്നെ വിശ്വാസ്യതയും പരസ്പര ബഹുമാനത്തിലുമൂന്നിയ ഒരു തൊഴിൽസംസ്കാരം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അതിനെല്ലാമുള്ള അംഗീകാരം തന്നെയാണ് ഈ സർട്ടിഫിക്കേഷൻ. ജീവനക്കാർ തന്നെയാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ സമ്പത്തെന്നും ആക്സിയ ടെക്നൊളജീസിന്റെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഇനിമുന്നോട്ടും എല്ലാകാര്യത്തിലും ജീവനക്കാർക്ക് പ്രാധാന്യം നൽകിക്കൊണ്ട് തന്നെ മുന്നോട്ട് പോകും എന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഗ്രേറ്റ് പ്ളേസ് റ്റു വർക്ക് സർവേയിൽ ആക്സിയ ടെക്നൊളജീസിലെ 82% ജീവനക്കാരും മാനേജ്മെന്റിന്റെ തീരുമാനങ്ങളിലും പ്രവർത്തനത്തിലും തൃപ്തി രേഖപ്പെടുത്തുകയും മികച്ച തൊഴിലിടമാണ് തങ്ങളുടേതെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അടുത്തിടെ, ആക്സിയ ടെക്നോളജീസിന്റെ എഞ്ചിനീയർമാർക്ക് വാരാന്ത്യങ്ങളിൽ ഉപയോഗിക്കാനായി ഒരു ബിഎംഡബ്ള്യു കാർ, കമ്പനി നൽകിയത് വാർത്തയായിരുന്നു. തങ്ങൾ വികസിപ്പിച്ചെടുക്കുന്ന സോഫ്ട്വെയർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എഞ്ചിനീയർമാർക്ക് നേരിട്ട് അനുഭവിച്ചറിയാനായിരുന്നു ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ തിരഞ്ഞെടുത്ത് അവർക്ക് ഖത്തറിൽ നടന്ന ഫുട്ബോൾ ലോകക്കപ്പ് നേരിട്ട് കാണാനുള്ള അവസരവും കമ്പനി ഒരുക്കിയിരുന്നു. കമ്പനിയുടെ സിഇഒയ്ക്കൊപ്പമാണ് ഈ സംഘം ഖത്തറിലേക്ക് പറന്നത്.
അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലേറെ കമ്പനികളാണ് ഗ്രേറ്റ് പ്ലേസ് റ്റു വർക്കിന്റെ അംഗീകാരത്തിന് വേണ്ടി ഇക്കൊല്ലം അപേക്ഷ നൽകിയത്. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് നാല് വ്യത്യസ്ത വിഭാഗങ്ങളിലായിരുന്നു മത്സരം. ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കും കമ്പനി മാനേജ്മെന്റിനും ഇടയിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമാണ് ഗ്രേറ്റ് പ്ലേസ് റ്റു വർക്ക്. മികച്ച സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായി തൊഴിലാളികളെ സഹായിക്കുന്ന ഒരു ആഗോള മാനദണ്ഡമാണിത്.