നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി പി സി ജോർജ്. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണെന്ന് പി.സി.ജോർജ് പറഞ്ഞു. പൊലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസെന്ന് വ്യക്തമായിരിക്കുന്നു. തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും പി.സി.ജോർജ് പറഞ്ഞു.
നേരത്തെ ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെന്നും പി.സി.ജോർജ് പറഞ്ഞു.
നടൻ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും അവർ ആരോപിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പോലീസുകാർ തന്നെ സമ്മതിച്ചതാണെന്ന് ശ്രീലേഖ പറയുന്നു. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖ രംഗത്തെത്തിയത്.