നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം, ശബ്ദരേഖ പുറത്തുവിട്ട സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകര്‍ രംഗത്തെത്തി. ബാര്‍ കൗണ്‍സിലിലാണ് അഭിഭാഷകര്‍ പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. ക്രൈംബ്രാഞ്ചിനെതിരെയാണ് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോയെന്ന കാര്യത്തില്‍ ദിലീപ് നിയമോപദേശം തേടും. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയില്‍ നിന്നാണ് ദിലീപ് നിയമോപദേശം തേടുന്നത്. അപ്പീല്‍ നല്കിയാല് കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി നല്‍കിക്കൊണ്ട് എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്.
ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.