നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെട്ടിലാക്കികൊണ്ടു ജോലിക്കാരൻ ദാസന്റെ മൊഴി. ബാലചന്ദ്രകുമാർ തന്നെ ബന്ധപ്പെട്ട വിവരം അറിഞ്ഞപ്പോൾ ദിലീപിന്റെ സഹോദരൻ അനുപ് ദിലീപിന്റെ വക്കീലിന്റെ അടുത്ത് കൊണ്ടുപോയെന്നും പൊലീസ് ബാലചന്ദ്രകുമാറിനെ കുറിച്ച് എന്ത് ചോദിച്ചാലും ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ വിലക്കിയെന്നുമാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ.
‘ദിലീപിനെതിരെ വാർത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാർ തന്നെ അറിയിച്ചിരുന്നു. വാർത്താ സമ്മേളനം നടത്തുമെന്ന് ദിലീപിനോട് പറയാൻ ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരിന്നു. ഭയം മൂലം പറഞ്ഞില്ല’- ദാസൻ പറയുന്നു.
ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുളള നിർണായക വെളിപ്പെടുത്തൽ നടത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ പറയുന്നത് ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചതും.