നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. 20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തുകടന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നുനല്കുക ആയിരുന്നു.
ദിലീപ് സ്ഥലത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തിയതെന്നാണ് വിവരം. ദിലീപിന്റെ സഹോദരന് അനൂപിന്റെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വന്‍ പൊലീസ് സന്നാഹത്തോടെയാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.