അരങ്ങിലെ അനശ്വര കഥാപാത്രങ്ങള്‍ ബാക്കിയാക്കി അഭിനയ വിസ്മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു. 74 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ത്ഥിന്റെ ഫ്ളാറ്റില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. പിന്നീട് അഞ്ഞൂറിലധികം സിനിമകളുടെ ഭാഗമായി മലയാളികളുടെ ഹൃദയത്തിലിടം പിടിച്ചു.
അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനു ശേഷം നടിയുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അന്തരിച്ച സംവിധായകന് ഭരതനായിരുന്നു ഭര്‍ത്താവ്. നടന് സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായിരുന്നു.