തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അവകാശം അദാനിക്ക് നൽകി കൊണ്ടുള്ള കരാർ ഒപ്പുവെച്ചു. 50 വർഷത്തേക്കുള്ള കരാർ എയർപോർട്ട് അതോറിട്ടിയും അദാനിയും ഒപ്പിട്ടു. വിമാനത്താവളം ജൂലൈയിൽ അദാനി ഗ്രൂപ് ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
തിരുവനന്തപുരത്തിനൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയും അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. കരാര്‍ പ്രകാരം വരുന്ന 50 വര്‍ഷത്തേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവ അദാനി എയർപോർട്ട്സ് ലിമിറ്റഡിനായിരിക്കും.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നൽകിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേല നടപടികളിൽ പാളിച്ചകളുണ്ടെന്നും കാണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി. അതിനിടയിലാണ് ഇപ്പോള്‍ എയർപോർട്ട് അതോറിറ്റിയും അദാനിയും കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.