വോയ്സ് അസിസ്റ്റന്റ് അലക്സയെ ഉള്‍ക്കൊള്ളുന്ന ഉപകരണങ്ങളുടെ യൂണിറ്റിലും അതിന്റെ റീട്ടെയില്‍ ഡിവിഷനിലും (വ്യക്തിഗത ഉപകരണങ്ങള്‍, ഇകൊമേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലെ) ഹ്യൂമന്‍ റിസോഴ്സിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പിരിച്ചുവിടല്‍ ഈ ആഴ്ചത്തന്നെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടുകളോട് ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്വിറ്ററും ഫേസ്ബുക്കും അടുത്തിടെ പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ, ആമസോണിന് 16 ലക്ഷത്തിലധികം മുഴുവന്‍ സമയ/പാര്‍ട്ട് ടൈം ജോലിക്കാര്‍ ഉണ്ട്. അടുത്ത മാര്‍ച്ച് വരെ കോര്‍പ്പറേറ്റ് തൊഴിലുകളിലേക്കുള്ള നിയമനം മരവിപ്പിക്കുമെന്നു കന്പനി വ്യക്തമാക്കിയിരുന്നു.
കന്പനി ഇതിനകം തന്നെ നിയമന മരവിപ്പിക്കല്‍ അവതരിപ്പിക്കുകയും അതിന്റെ ചില ഗോഡൗണ്‍, ഓഫീസ് വിപുലീകരണങ്ങള്‍ നിര്‍ത്തുകയും ചെയ്തുകഴിഞ്ഞു. ഇവയെല്ലാം കോവിഡ് സമയത്ത് കൂടുതല്‍ തുകയ്ക്ക് വാടകയ്ക്കെടുത്തതാണെന്നാണ് കന്പനിയുടെ വിശദീകരണം.
പേഴ്സണല്‍ ഡെലിവറിക്കായി റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു പോലുള്ള പ്രോജക്ടുകള്‍ റദ്ദാക്കിക്കഴിഞ്ഞു. മറ്റുചില പ്രോജക്ടുകളും അടച്ചുപൂട്ടാനുള്ള നടപടികള്‍ കന്പനി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഉപയോക്താക്കള്‍ കുറച്ച് ഫംഗ്ഷനുകള്‍ക്കായി മാത്രമേ അലക്സാ ഉപയോഗിക്കുന്നുള്ളൂവെന്നാണ് ആമസോണിന്റെ വിലയിരുത്തല്‍.
മാസങ്ങള്‍ നീണ്ട അവലോകനത്തിനു ശേഷമാണ് ആമസോണ്‍ തൊഴിലാളികളെ കുറയ്ക്കുന്ന തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാരോട് മറ്റേതെങ്കിലും ഡിവിഷനുകളിലേക്കു മാറാന്‍ കന്പനി നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ചില ഡിവിഷനുകളില്‍നിന്ന് കൂടുതല്‍ ലാഭകരമായ മേഖലകളിലേക്ക് ജീവനക്കാരെ പുനര്‍ വിന്യസിക്കാനും കന്പനി തീരുമാനിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം വെട്ടിക്കുറയ്ക്കപ്പെടുന്ന ജോലികളുടെ കൃത്യമായ എണ്ണം വ്യക്തമല്ല. കോവിഡ് സമയത്ത് ബിസിനസ് കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ മഹാമാരിയില്‍ നിന്നു ലോകം മുക്തമായതോടെ ചില്ലറ വില്പന മേഖല വളര്‍ന്നതോടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മാന്ദ്യം ദൃശ്യമായി.
ഏറ്റവും പുതിയ പാദത്തില്‍ ആമസോണിന്റെ വരുമാനം 15 ശതമാനം ഉയര്‍ന്നെങ്കിലും, ദീര്‍ഘകാല ലാഭം നേടിയ ക്ലൗഡ് കംപ്യൂട്ടിംഗ് യൂണിറ്റായ ആമസോണ്‍ വെബ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളില്‍ മാന്ദ്യം വ്യാപിച്ചതോടെ കന്പനിയുടെ ലാഭത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്.
തിരക്കേറിയ അവധിക്കാല സീസണിലെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ആമസോണ്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നു. നിലവിലെ സാന്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് വര്‍ധിച്ച വിലക്കയറ്റം കാരണം ഉപഭോക്താക്കളും ബിസിനസുകരും ചെലവാക്കലില്‍ നിന്നു പിന്മാറുന്നതായി ആമസോണ്‍ വിലയിരുത്തി.