വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്കി. ബില്‍ നവംബര്‍ 29 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് കൊണ്ടുവരിക. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 3 നിയമങ്ങളും റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിയമമന്ത്രാലയമാണ് കരട് ബില്‍ തയ്യാറാക്കിയത്.
ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങള്‍ റദ്ദാകും. മൂന്നു നിയമങ്ങളും റദ്ദാക്കുന്നതായി വെള്ളിയാഴ്ച്ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബില്‍ ഈ മാസം 29 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് പിന്‍വലിച്ചുവെന്ന കാരണവും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കും.
അതേസമയം, പാര്‍ലമെന്റിലെ നടപടികള്‍ പൂര്‍ത്തിയാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. 26 പുതിയ ബില്ലുകള്‍ അടക്കം 29 ബില്ലുകള്‍ ശൈത്യകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.