ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ചു ദിവസത്തെ ഇടക്കാലജാമ്യമാണ് സുബൈറിന് അനുവദിച്ചത്. ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലുള്ള സുബൈറിന് നിലവില്‍ പുറത്തിറങ്ങാനാവില്ല.
സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഡല്‍ഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകള്‍ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയില്‍ കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു സന്യാസിമാരെ വിദ്വേഷം വ്യാപിപ്പിക്കുന്നവര്‍ എന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനെതിരെ ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രണ്ട് കേസുകളാണ് സുബൈറിനെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. സുബൈറിന്റെ ട്വീറ്റുകള്‍ ക്രമസമാധാനത്തിന് ഭംഗം ഉണ്ടാക്കി. പുറമേ നിന്നുള്ള സാമ്പത്തിക ഇടപാടും റിമാന്‍ഡ് ചെയ്യാന്‍ കാരണമായെന്ന് ആറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.