ഷിൻജിയാങ് പ്രവിശ്യയിലെ മുസ്ലിം ജനവിഭാഗത്തോട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പുലർത്തുന്ന വിവേചനപരമായ നിലപാടിനെതിരെ അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കാനൊരുങ്ങി അമേരിക്ക. ഷിൻജിയാങിലും ഹോങ്കോങിലും ചൈന തുടരുന്ന ‘അടിച്ചമർത്തൽ’ നയത്തിനെതിരെ തുറന്ന് പ്രതികരിക്കാൻ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെദ് പ്രൈസ് പറഞ്ഞു.
വെള്ളിയാഴ്ച മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ പ്രൈസ് പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽനിന്ന് വേണ്ടത്ര പ്രതികരണം ഇല്ലാത്തതിനാലാണ് ചൈന മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നത്. അന്താരാഷ്ട്ര സംവിധാനത്തെ വെല്ലുവിളിക്കാൻ പോന്ന സാമ്പത്തികവും നയതന്ത്രപരവും സൈനികവും സാങ്കേതികവുമായ കരുത്തുള്ള ഏക രാഷ്ട്രമാണ് ചൈന. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ശക്തമായ സമ്മർദമുണ്ടായാലേ ചൈന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കൂ. നയതന്ത്ര രീതിയിലും അന്തർദേശീയ സംഘടനകൾ വഴിയും ചൈനയെ തിരുത്താനാണ് ശ്രമിക്കുന്നത്. – പ്രൈസ് പറഞ്ഞു.
ചൈനീസ് ഭരണകൂടം മുസ്ലിംകളെ പീഡിപ്പിക്കുകയാണെന്നും ഷിൻജിയാങ്ങിൽ തെളിയിക്കപ്പെടാത്ത കുറ്റങ്ങൾക്കു പോലും ദീർഘകാല തടവുശിക്ഷ നൽകുകയാണെന്നും കഴിഞ്ഞയാഴ്ച ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വഴക്കു കൂടൽ, വിദേശത്തുള്ള ബന്ധുക്കൾക്ക് സമ്മാനം നൽകൽ തുടങ്ങിയവയ്ക്കു പോലും ഷിൻജിയാങ്ങിലെ കോടതികൾ ദീർഘകാല തടവുശിക്ഷയാണ് വിധിക്കുന്നതെന്നും 2016 മുതൽ ഇവിടെ രണ്ടര രക്ഷത്തിലേറെ ആളുകൾ ഇവ്വിധത്തിൽ തടവിലാക്കപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉയ്ഗൂർ മുസ്ലിംകളോട് ചൈന വംശവിദ്വേഷത്തോടെ പെരുമാറുകയും ലൈംഗികാതിക്രമം, നിർബന്ധിത ജോലി, കർശന നിയന്ത്രണങ്ങൾ എന്നിവയ്ക്ക് ഇരയാക്കുകയും ചെയ്യുന്നതായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം അധ്യക്ഷ മിഷേൽ ബാഷലെയും വ്യക്തമാക്കി. ഇക്കാര്യത്തിൽ ചൈനക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ, ഹോങ്കോങിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കത്തെയും നെദ് പ്രൈസ് വിമർശിച്ചു. ഹോങ്കോങിന്റെ സ്വയംഭരണാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് അദ്ദേഹം ആരോപിച്ചു.