ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര്, ചിത്രം, ശബ്ദം എന്നിവ മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി.
പ്രശസ്ത അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് ബച്ചന് വേണ്ടി കോടതിയില്‍ ഹാജരായത്. ബച്ചന്റെ വ്യക്തിപര വിവരങ്ങളായ പേര്, ശബ്ദം, ചിത്രം എന്നിവയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരീഷ് സാല്‍വെ ഹൈക്കോടതിയെ സമീപിച്ചത്.
അമിതാഭ് ബച്ചനെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവ ഉപയോഗപ്പെടുത്തി നടത്തുന്നത്. അദ്ദേഹത്തിന്റെ പേരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ കാരണമായേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു.
‘പ്രശസ്തനായ വ്യക്തിയാണ് വാദിയായ അമിതാഭ് ബച്ചന്. സിനിമ, പരസ്യം അടക്കം വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ചിത്രങ്ങളും, അദ്ദേഹത്തിന്റെ ശബ്ദവും ഉപയോഗിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ഹര്ജിക്കാരനില് വല്ലാത്ത വിഷമമുണ്ടാക്കിയതായി മനസ്സിലാക്കുന്നു’ കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ചില മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ ബച്ചന്റെ അറിവോടെയല്ലാതെ അദ്ദേഹത്തിന്റെ ചിത്രം വ്യാപകമായി ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ചില കമ്ബനികള്‍ ബച്ചന്റെ ചിത്രം അച്ചടിച്ച് ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കുന്നതായും പരാതിയില്‍ പറയുന്നു. ഇതൊന്നും മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ചെയ്യുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറച്ചധികം കാലമായി നടക്കുന്നുണ്ട്. ഗുജറാത്തില്‍ ഒരു ലോട്ടറിയുണ്ട്. ആ ലോട്ടറിയുടെ പ്രചരണത്തിനായി അമിതാഭ് ബച്ചന് അവതാരകനായി എത്തുന്ന കെബിസിയുടെ (കോന്‍ ബനേഗാ കരോര്‍പതി) ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതൊരു തട്ടിപ്പാണെന്നാണ് തോന്നുന്നത്. അവിടെ അങ്ങനെ ഒരു ലോട്ടറിയുമില്ല. ആരും വിജയിക്കുന്നുമില്ല,’ ബച്ചന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.