21 വർഷത്തെ ദുരിതത്തിന് അവസാനം. മർജാനയ്ക്ക് ഇനി ഇഷ്ടമുള്ളതൊക്കെ കഴിക്കാം

ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ഒരു വിജയകഥ കൂടി, 26 കിലോഗ്രാം മാത്രം ഭാരമുള്ള 27 വയസുകാരി സാധാരണ ജീവിതത്തിലേക്ക്
പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി (Per Oral Endoscopic Myotomy (POEM)) മിയിലൂടെ അന്നനാളത്തിലെ തടസം നീക്കി.

കൊച്ചി, 28.10.2022: കഴിഞ്ഞ 21 വർഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച ലക്ഷ്വദ്വീപ് സ്വദേശിയായ 27 വയസുകാരിക്ക് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ. അതിനൂതന ചികിത്സാരീതിയിലൂടെ മർജാനയുടെ അന്നനാളത്തിലുണ്ടായിരുന്ന തടസം നീക്കി. അപൂർവ രോഗം കാരണം അവശ്യപോഷകങ്ങൾ കിട്ടാതെ ശോഷിച്ച മർജാനയുടെ ശരീരത്തിന് വെറും 26 കിലോഗ്രാമായിരുന്നു ഭാരം. ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം നാൾ, മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ 27 വയസുകാരി മർജാന ആശുപത്രി വിട്ടു.

ലക്ഷദ്വീപ് അമിനി ദ്വീപ് സ്വദേശികളായ കുഞ്ഞി കോയയുടെയും കുഞ്ഞിബിയുടെയും മകളായ മർജാന , കൊച്ചിയിലെ ചികിത്സയ്ക്ക് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ദ്വീപിലേക്ക് മടങ്ങിപോകാനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞ 21 വർഷക്കാലം തുടർച്ചയായ മനംപിരട്ടലും ഛർദിയും കാരണം കടുത്ത ബുദ്ധിമുട്ടിലായിരുന്നു മർജാന. എപ്പോഴും ഭക്ഷണം തൊണ്ടയിൽ കുരുങ്ങുന്ന അവസ്ഥ. വായിലേക്ക് വെക്കുന്ന ഭക്ഷണം ഇറക്കാനും ബുദ്ധിമുട്ട്. ഛർദി നിയന്ത്രിക്കാൻ കഴിയാതായതോടെ രണ്ടാം ക്ലാസിൽ പഠനവും ഉപേക്ഷിക്കേണ്ടി വന്നു. ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ കിട്ടാതായതയോടെ ശരീരവും ശോഷിച്ചു. കാലക്രമേണ വാതവും പിടിപെട്ടു. മെലിഞ്ഞുണങ്ങിയ കൈകാലുകൾക്ക് ശരീരത്തെ താങ്ങാനോ സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ശേഷിയില്ല.

ആറാം വയസുമുതൽ തുടങ്ങിയതാണ് മർജാനയുടെ ഈ ദുരിതം. അന്നുമുതൽ കേരളത്തിലും ലക്ഷദ്വീപിലുമുള്ള നിരവധി ആശുപത്രികളിൽ കാണിച്ചു. രക്തകുറവും ദഹനസംബന്ധമായ പ്രശ്നവുമാണെന്ന് പറഞ്ഞ് എല്ലാവരും മടക്കി അയച്ചു. താത്കാലിക ആശ്വാസത്തിനായി ഗ്യാസിന്റെ ഗുളികകൾ കഴിച്ച് മടുത്തു. വർഷങ്ങളോളം പല മരുന്നുകളും പരീക്ഷിച്ചു. പക്ഷെ ഓരോ ദിവസം കടക്കുംതോറും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നതായി മർജാനയുടെ സഹോദരൻ മുഹമ്മദ് കാസിം പറഞ്ഞു.

കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ വയറിന്റെ ഉൾവശം പരിശോധിക്കാനായി കുഴൽ കടത്തി വിട്ട് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് യഥാർത്ഥ രോഗം തിരിച്ചറിഞ്ഞത്. മർജാനയുടെ അന്നനാളത്തിൽ കഴുത്തിന് താഴെയായി അസാധാരണമായ ഒരു തടസം. തുടർച്ചയായി ഭക്ഷണം അവിടെ കുടുങ്ങിക്കിടന്നത് കാരണം അന്നനാളത്തിന്റെ ആ ഭാഗം തകരാറിലായി കഴിഞ്ഞിരുന്നു. സാധാരണ ആളുകളിൽ കാണുന്നതിന് വിപരീത വശത്തേക്ക് അന്നനാളം നീങ്ങിപ്പോവുക വരെ ചെയ്തു. മർജാന നേരിടുന്നത് അക്കലേഷ്യാ കാർഡിയ എന്ന അപൂർവ്വ രോഗമാണെന്ന് സ്ഥിരീകരിച്ചത് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്യാസ്ട്രോഎൻട്രാളജി വിഭാഗത്തിലെ ഡോക്ടർമാരായ ഇസ്മായിൽ സിയാദും, ഡോ. ജെഫി ജോർജ്ജും ചേർന്നാണ്. അതിനൂതന ചികിത്സാരീതിയായ പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി ആയിരുന്നു പ്രതിവിധി.

അന്നവാഹിനി കുഴലിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന തകരാറാണ് ഈ രോഗാവസ്ഥയ്ക്ക് ഇടയാക്കുന്നത്. തൊണ്ടയിൽ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് തടസമായി പേശികൾ തുറക്കാതെ ഇരിക്കുകയും അവിടെ അണുബാധയുണ്ടാവുകയും ചെയ്യും. മർജാനയുടെ ശരീരഭാരം വളരെ കുറവായത്കൊണ്ടുകൂടിയാണ് ഡോക്ടർ ഈ ചികിത്സാരീതി നിർദേശിച്ചത്. സങ്കീർണമായ ശസ്ത്രക്രിയകൾക്ക് പകരം വായിലൂടെ അന്നനാളത്തിലേക്ക് ഒരു കുഴൽ കടത്തി വിട്ട് തടസങ്ങൾ നീക്കുന്ന ചികിത്സാരീതിയാണ് പോം എന്നറിയപ്പെടുന്ന പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി. പാർശ്വഫലങ്ങൾ ഇല്ലാതെ വളരെ വേഗം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാമെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. സർജറിയെക്കാൾ സുരക്ഷിതവുമാണ് ഈ രീതി.

ജീവന് ഭീഷണി നേരിടുന്ന അവസ്ഥയിലാണ് മർജാന ഞങ്ങൾക്ക് അരികിൽ എത്തിയത്. ആദ്യ സിറ്റിംഗിൽ തന്നെ രോഗം നിർണ്ണയിക്കാൻ കഴിഞ്ഞതിലൂടെ അതിവേഗം ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞു. ഈ നേട്ടം കൈവരിച്ചതിൽ അഭിമാനവും അതിയായ സന്തോഷവുമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി ഗ്യാസ്ട്രോഎന്ററോളജി സീനിയർ കൺസൾട്ടന്റും ഡിപ്പാർട്ട്മെന്റ് ഹെഡുമായ ഡോ. ജി എൻ രമേഷ് പറഞ്ഞു.

21 വർഷം നീണ്ടുനിന്ന രോഗമായതിനാൽ ചികിത്സ എളുപ്പമായിരുന്നില്ലെന്ന് മർജാനയെ ചികിത്സിച്ച ഡോ. ജെഫി ജോർജ് പറയുന്നു. പക്ഷെ മർജാനയ്ക്ക് നൽകിയ ചികിത്സ പൂർണവിജയമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ ഗ്യാസ്ട്രോഎൻട്രാളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ജെബി ജേക്കബ് , കൺസൾട്ടന്റ് ഡോ. പ്രശാന്ത് എം എന്നിവർ മർജാനയെ ചികിത്സിച്ച ടീമിലെ മറ്റംഗങ്ങളാണ്. അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ മേധാവിയായ ഡോ. സുരേഷ് ജി നായരുടെ കീഴിലുള്ള വിദഗ്ധ സംഘവും പ്രക്രിയയിലുടനീളം പിന്തുണ നൽകി.

കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ ഒരുക്കിയിരിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് അക്കലേഷ്യ പോലുള്ള നിരവധി അപൂർവരോഗങ്ങൾ ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ഗുണമേന്മയുള്ള വിദഗ്ധ ചികിത്സ നൽകുകയാണ് ആസ്റ്റർ മെഡ്സിറ്റിയുടെ ലക്ഷ്യം. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളെ തിരിച്ചുപിടിക്കാൻ സഹായിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം നവംബർ 30ന് ലക്ഷദ്വീപിൽ ആദ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ഇതിലൂടെ നിർധനരായ രോഗികളെ കണ്ടെത്തി കേരളത്തിലെത്തിച്ച് അവർക്കാവശ്യമായ ചികിത്സ സഹായവും നൽകും. ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിന്റെ പിന്തുണയോടെ ഭാവിയിൽ കൂടുതൽ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കാനും പദ്ധതി ആവിശ്കരിച്ചിട്ടുണ്ട്.

മർജാനയുടെ സഹോദരൻ മുഹമ്മദ് കാസിം, ആസ്റ്റർ മെഡ്സിറ്റി ഗ്യാസ്ട്രോഎന്ററോളജി കൺസൾട്ടന്റ് ഡോ. ജെഫി ജോർജ്, ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ജി.എൻ. രമേശ്, മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി കൺസൾട്ടന്റ് ഡോ. ബി. മുഹമ്മദ് നൗഫൽ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...