കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ കേരളത്തില്‍ നിന്നുളള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദുചെയ്തത്.
ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 30 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.