തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ അനുപമയുടെ കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും.
സംസ്ഥാനത്ത് നിന്ന് ശനിയാഴ്ച പോയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ക്ക് ആന്ധ്രയിലെ ദമ്ബതികള്‍ കുഞ്ഞിനെ കൈമാറിയിരുന്നു. ഇന്ന് കേരളത്തിലെത്തിയാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും.
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലായിരിക്കും പരിശോധന. പരാതിക്കാരായ അനുപമ എസ്. ചന്ദ്രന്, അജിത്ത് കുമാര്‍ എന്നിവരുടെ സാമ്ബിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് വേണ്ടി ശേഖരിക്കുന്നതിനായി നോട്ടീസ് നല്‍കും. ടെസ്റ്റ് നടത്തി രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കുമെന്നാണ് വിവരം. അതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശുക്ഷേമ സമിതി ഓഫീസറിനായിരിക്കും.
ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രയിലേക്ക് തിരിച്ചത്. തുടര്‍ന്ന് വൈകീട്ടോടെ കുഞ്ഞിനെ സംരക്ഷിച്ചിരുന്ന ദമ്ബതികളുടെ വീട്ടിലെത്തി. യാതൊരു എതിര്പ്പുമില്ലാതെയായിരുന്നു അദ്ധ്യാപക ദമ്ബതികള്‍ കുഞ്ഞിനെ കൈമാറിയത്. കഴിഞ്ഞ മൂന്ന് മാസമായി ഇവരുടെ പക്കലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നിയമപോരാട്ടം ആരംഭിച്ചത്. പിതാവ് തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ നാടുകടത്തിയെന്നായിരുന്നു അനുപമയുടെ പരാതി. എന്നാല്‍ സിപിഎം നേതാവ് കൂടിയായിരുന്ന അനുപമയുടെ പിതാവിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം വീണ്ടും പരാതിയുമായി അനുപമ എത്തുകയും വിഷയം മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പരാതിയില്‍ ഇടപെടാന്‍ പോലീസ് തയ്യാറായത്.