മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും. സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെച്ച സാഹചര്യത്തിലാണ് വിലക്ക് തു
ടരുന്നത്. സംപ്രേഷണം പുന:രാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വണ്‍ ചാനല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്.
സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെക്കുകയാണെന്നും ഹര്‍ജിക്കാരോട് പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ അഭിഭാഷകന് മുദ്രവെച്ച കവറില്‍ ഡിവിഷന് ബെഞ്ച് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. ഇതിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചത്. ഡിവിഷന് ബെഞ്ചും ഹര്‍ജി തള്ളിയതോടെ മീഡിയാ വണ്‍ ചാനല്‍ ഇനി സുപ്രീംകോടതിയെ സമീപിച്ചേക്കും.
ജനുവരി 31 നാണ് മീഡിയാ വണ്ണിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരങ്ങളെ തുടര്‍ന്ന് ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്കാന് കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെ മാനേജ്മെന്റ് നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവിഷന് ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്.