സവോപോളോ: കോപ അമേരിക്ക ഗ്രൂപ് എയിലെ നിര്‍ണായക മത്സരത്തില്‍ ലയണല്‍ സ്കേലോണിയുടെ പട നാളെ ഇറങ്ങുന്നു. നോക്കൗട്ടില്‍ ഇതിനകം ടിക്കറ്റ് ഉറപ്പിച്ചതിനാല്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഗ്രൂപ് ചാമ്ബ്യന്മാരാകുകയാണ് മെസ്സി സംഘത്തിെന്റ ലക്ഷ്യമെങ്കില്‍ മടക്കമുറപ്പിച്ച െബാളീവിയക്ക് ആശ്വാസ ജയമാണ് പ്രതീക്ഷ. മൂന്നാമത്തെ മത്സരത്തില്‍ ഉറുഗ്വായ്ക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോറ്റതോടെയാണ് ബൊളീവിയ ഗ്രൂപിലെ അവസാനക്കാരായി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. 10 രാജ്യങ്ങള്‍ മാത്രമുള്ള കോപ അമേരിക്കയില്‍ രണ്ടു ഗ്രൂപുകളില്‍ ഓരോന്ന് മാത്രമാണ് അടുത്ത റൗണ്ട് കാണാതെ പുറത്താകുക. മറ്റു നാലുടീമുകളെ കടക്കാന്‍ ഇനി ഒരു കളികൊണ്ടാകില്ലെന്നതിനാല് സംപൂജ്യരായ ബൊളീവിയ പുറത്തേക്ക് വഴി നേരെത്ത ഉറപ്പാക്കുകയായിരുന്നു.
മറുവശത്ത്, ഗ്രൂപ് എയില്‍ ചിലിക്കെതിരെ ആദ്യ കളി സമനില പിടിച്ച അര്‍ജന്റീന ഉറുഗ്വായ്, പാരഗ്വ ടീമുകളെ പരാജയപ്പെടുത്തി ഏഴുപോയിന്റുമായി മുന്നിലാണ്. ആറു പോയിന്റുമായി പാരഗ്വയും അഞ്ചു പോയിന്റുള്ള ചിലിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
അതേ സമയം, കോച്ച് സ്കേലോണിക്കു കീഴില്‍ തുടര്‍ച്ചയായ 16 കളികള്‍ തോല്‍വി അറിയാതെ കുതിക്കുന്ന നീലക്കുപ്പായക്കാര്‍ അവസാനമായി തോറ്റത് 2019ലെ കോപ അമേരിക്ക സെമിയില്‍ ബ്രസീലിനോടാണ്. പ്രതികാരം വീട്ടാന്‍ ഇത്തവണ ഫൈനല്‍ വരെ കാത്തിരിക്കേണ്ടിവരും.
അതിനിടെ, ഇന്നത്തെ മത്സരം അപ്രധാനമായതിനാല്‍ സൂപര്‍ താരം മെസ്സിയെ പുറത്തിരുത്തുന്നതുള്പെടെ സ്കേലോണി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെയും എല്ലാ കളികളിലും താരം ആദ്യാവസാനം ബൂട്ടുകെട്ടിയിട്ടുണ്ട്. ഇന്ന് ഇറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ ദേശീയ ജഴ്സിയണിഞ്ഞ അര്‍ജന്റീന താരമെന്ന പദവിയില്‍ മഷറാനെയെ കടക്കാനാകും. അതേ സമയം, ഒരു മഞ്ഞക്കാര്‍ഡുമായി ഭീഷണിയിലുള്ള ലോട്ടാറോ മാര്‍ട്ടിനെസ്, ലീന്‍ഡ്രോ പരേദെസ്, സെല്‍സെ തുടങ്ങിയവരെ കോച്ച് പുറത്തിരുത്തിയേക്കും.