ഇത്തവണത്തെ കോപ്പ അമേരിക്ക നടക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പല പ്രശ്നങ്ങള്‍ കാരണം ടൂര്‍ണമെന്‍്റ് നടത്താന്‍ ഉദ്ദേശിച്ച വേദികള്‍ മാറ്റി അവസാനം ജൂണ്‍ 13ന് ബ്രസീലില്‍ വച്ചു നടത്താന്‍ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഇനിയും അവസാനിച്ചിട്ടില്ല.
കോവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളിലും ഉള്ളത്. ഇതില്‍ ബ്രസീലിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. അതുകൊണ്ട് തന്നെ ബ്രസീലിലേക്ക് വേദി മാറ്റിയതില്‍ ബ്രസീലിയന്‍ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഇതില്‍ നേരത്തെ തന്നെ ബ്രസീല്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച് അര്‍ജന്റീന ടീം രംഗത്തെത്തിയിരിക്കുകയാണ്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എ എഫ് എ) ഔദ്യോഗിക പ്രസ്താവനയിലൂടെ ടൂര്‍ണമെന്റില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
“കോപ്പ അമേരിക്ക 2021ലെ ഞങ്ങളുടെ പങ്കാളിത്തം അര്‍ജന്റീന സ്ഥിരീകരിക്കുന്നു. ഇത് ടീമിന് തങ്ങളുടെ ചരിത്രത്തിലുടനീളമുണ്ടായിരുന്ന കായിക മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മള് നേരിട്ടുകൊണ്ടിരിക്കുന്ന ദുഷ്കരമായ ഈ സമയത്ത് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താന്‍ ആവശ്യമായ എല്ലാവിധ കാര്യങ്ങളും എ എഫ് എ യുടെ വിപുലമായ പരിശ്രമത്തിലൂടെ തയ്യാറാക്കി ദേശീയ ടീം കോണ്ടിനന്റല് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബ്രസീലിലേക്ക് പോകും,” അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ സംഘാടകരായ കോണ്‍മെബോളിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീല്‍. അതുകൊണ്ട് തന്നെ ബ്രസീലിലേക്ക് വേദി മാറ്റിയതില്‍ ബ്രസീലിയന്‍ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. എതിര്‍പ്പുമായി കൂടുതല്‍ താരങ്ങള്‍ വരുന്ന സ്ഥിതിയില്‍ ഇവരുടെയെല്ലാം എതിര്‍പ്പുകളെ അവഗണിച്ച് ടൂര്‍ണമെന്‍്റ് നടത്താന്‍ കഴിയുമോ എന്നത് സംശയമാണ്. എന്നാല്‍ അര്‍ജന്റീന താരങ്ങളാരും ടൂര്‍ണമെന്റിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്കലോണി ബ്രസീലിലെ നിലവിലെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചതോടെ ടീമിന്റെ പങ്കാളിത്തം ടൂര്‍ണമെന്റില്‍ ഉറപ്പായിരിക്കുകയാണ്.
യുറുഗ്വായ് താരങ്ങള്‍ ബ്രസീലിന് പിന്തുണ അറിയിച്ചിരുന്നു. യുറുഗ്വായ് താരങ്ങളായ ലൂയിസ് സുവാരസ്, എഡിസണ് കവാനി, മുസ്ലേര എന്നീ താരങ്ങളെല്ലാം കോപ്പ അമേരിക്ക ടൂര്‍ണമെന്‍്റ് നടത്തുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. ആരോഗ്യത്തിനാണ് പ്രധാന പരിഗണന നല്‍കേണ്ടതെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യത്തില്‍ ഈ ടൂര്‍ണമെന്‍്റ് നടത്തുന്നതിന് താന്‍ എതിരാണെന്നുമാണ് സുവാരസ് പറഞ്ഞത്.