റിയോ ഡി ജനീറോ: മാറക്കാന സ്റ്റേഡിയത്തിലെ കോപാ അമേരിക്ക ഫൈനലിന്റെ തുടക്കം മുതല്‍ പരുക്കന്‍ അടവുകള്‍ കണ്ടു. റഫറി പല തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. കളിയുടെ 59 ശതമാനം സമയത്തും പന്ത് ബ്രസീല്‍ താരങ്ങളുടെ പക്കലായിരുന്നു. ആകെ പാസിലും (488) അവര്‍ മുന്നിലായിരുന്നു. അര്‍ജന്റീന താരങ്ങളുടെ രണ്ട് ഷോട്ടുകള്‍ മാത്രമാണു ഗോളിലേക്കു നീണ്ടത്. ഒരു ഷോട്ട് എയ്ഞ്ചല്‍ ഡി മരിയ വലയിലാക്കിയപ്പോള്‍ ലയണല്‍ മെസിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ പിടിച്ചു. ബ്രസീലിന്റെ ഗോളിലേക്കുള്ള അഞ്ച് ഷോട്ടുകളും പാളി.
ലൗറ്റേറോ മാര്‍ട്ടിനസിനെയും ലയണല്‍ മെസിയെയും മുന്‍നിര്‍ത്തിയ 4-4-2 ഫോര്‍മേഷനാണു കോച്ച് ലയണല്‍ സ്കലോണി പരീക്ഷിച്ചത്. നെയ്മര്‍, റിച്ചാര്ലിസണ്, എവര്ടണ് ത്രയത്തെ മുന്‍നിര്‍ത്തിയ 4-3-3 ഫോര്‍മേഷനിലാണു ബ്രസീല്‍ കോച്ച് ടിറ്റെ താല്പര്യപ്പെട്ടത്. ഗോള്‍ വീണില്ലെങ്കിലും ഒന്നാം പകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാം പകുതി. നിലവിലെ ചാമ്ബ്യന്മാര് സമനില പിടിക്കാന്‍ കൈമെയ് മറന്നു പോരാടിയെങ്കിലും അര്‍ജന്റീന പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെയും കീഴ്പ്പെടുത്താനായില്ല.
ഇരുടീമുകളും ശ്രദ്ധയോടെ കളിച്ചതു സൂപ്പര്‍ ഫൈനലിനെ വിരസമാക്കി. പന്ത് കൂടുതല്‍ സമയം കൈവശം കളിക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. പന്ത് നഷ്ടപ്പോഴെല്ലാം താരങ്ങള്‍ ഫൗളുകളെ ആശ്രയിച്ചതോടെ കളി പരുക്കനായി. ഒഴുക്കോടെയുള്ള കളി കാണാനായില്ല. ആദ്യ 20 മിനിറ്റില്‍ മികച്ച ഒരു ശ്രമം പോലും അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ഭാഗത്തു നിന്നുണ്ടായില്ല. 22-ാം മിനിറ്റില്‍ അപ്രതീക്ഷിതമായാണു ഗോള്‍ വീണത്. ബ്രസീല്‍ പ്രതിരോധത്തില്‍ സംഭവിച്ചവീഴ്ചയില് നിന്നാണ് എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി എയ്ഞ്ചല്‍ ഡി മരിയയെ പ്ലേയിങ് ഇലവനില്‍ കളിപ്പിച്ച സ്കലോണിയുടെ ഗോളിലൂടെ ശരിവയ്ക്കുകയും ചെയ്തു. ഡി മരിയ തന്നെയാണ് 2008 ലെ ഒളിമ്ബിക്സ് ഫൈനലിലും ടീമിനെ സുവര്‍ണ നേട്ടത്തിലേക്ക് നയിച്ച ഗോളടിച്ചത്. ഒളിമ്ബിക്സ് ഫൈനലിലും കോപാ ഫൈനലിലും ഗോളടിച്ചതു മാത്രമല്ല രണ്ടു ഗോളും ഒരു രീതിയിലാണെന്ന പ്രത്യേകതയുണ്ട്. അന്നും നീളന്‍ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ താരം ഗോള്‍ കീപ്പറിന്റെ തലയ്ക്കു മുകളിലൂടെ ചിപ് ചെയ്താണ് ഗോളടിച്ചത്. സമാന രീതിയിലാണ് കോപയിലെ ഗോളും. റോഡ്രിഗോ പോള്‍ നീട്ടിനല്‍കിയ പാസുമായി ഡി മരിയ പന്ത് നിയന്ത്രണത്തിലാക്കിയ ശേഷം ഗോളി എഡേഴ്സണിന് മുകളിലൂടെ ചിപ് ചെയ്ത് ഗോള്‍ നേടി. 2008 ലെ ഒളിമ്ബിക്സില്‍ നൈജീരിയയ്ക്കെതിരേ ലയണല്‍ മെസിയാരുന്നു മധ്യവരയ്ക്കടുത്തുനിന്നു ഡി മരിയയ്ക്ക് പന്ത് നല്‍കിയത്. ഒളിമ്ബിക്സ് സ്വര്‍ണ നേട്ടത്തിനുശേഷം 13 വര്‍ഷം കഴിയുമ്ബോള്‍ ഇക്കുറിയും മെസി ടീമിലുണ്ട്.
റോഡ്രിഗോ ഡി പോളിന്റെ ഉയര്‍ന്നു വന്ന പന്തിന്റെ ബ്രസീല്‍ പ്രതിരോധം അലക്ഷ്യമായാണു കണ്ടത്. കിട്ടിയ അവസരത്തില്‍ ഡി മരിയ ലക്ഷ്യം കണ്ടു. നാല് ഫൈനലുകളും നാല് പരാജയങ്ങള്‍ക്കും ശേഷമാണു ബ്രസീലിനെ തോല്‍പ്പിച്ച് കിരീടം നേടുന്നത്. കോപാ അമേരിക്കയിലെ കിരീട നേട്ടത്തില്‍ യുറുഗ്വേയുടെ നേട്ടത്തിനൊപ്പമെത്താനും അവര്‍ക്കായി. ഇരുവരും 15 തവണ വീതം കിരീടത്തില്‍ മുത്തമിട്ടു.