നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാനാണ് നാളെ സമ്മേളനം ചേരാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഫയല്‍ ഗവര്‍ണര്‍ മടക്കി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സർക്കാരിന്റെ ആവശ്യം തള്ളിയത്. സഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയതോടെ നിയമസഭ നാളെ ചേരില്ല.
നിലവിൽ സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ വിഷയത്തിൽ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. നാളെ ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. പ്രമേയത്തെ പിന്തുണക്കുമെന്ന് യു.ഡി.എഫുംനേരത്തെ വ്യക്തമാക്കിയിരുന്നു.