ലഖിംപൂര്‍ കര്‍ഷകരുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ചോദ്യചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ ലഖിംപൂര്‍ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നല്‍കിയത്. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര ഒളിവില്‍ പോയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഖിംപൂര്‍ പൊലീസ് ആശിഷിന്റെ വീട്ടില്‍ നോട്ടീസ് പതിച്ചത്. കൊലപാതകം ഉള്‍പ്പെടെ 8 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുള്ളതിനാല്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
ലഖിംപൂര്‍ കൊലപാതക കേസില്‍ യുപി സര്‍ക്കാരിനെ ഇന്നലെ സുപ്രീംകോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് കൂടിയാണ് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് തയ്യാറായതെന്നാണ് സൂചന. കേസില്‍ രണ്ട് പേര് ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്താനാണ് സാധ്യത.