ദുബൈ: രണ്ടാഴ്ചയായി യു.എ.ഇയില്‍ ആവേശത്തിരയിളക്കിയ ഏഷ്യ കപ്പില്‍ നാളെ കലാശപ്പോര്. ഇന്ത്യ-പാകിസ്താന് ഫൈനലിന് കാത്തിരുന്നവര്‍ നിരാശരായെങ്കിലും ശ്രീലങ്കയും പാകിസ്താനും തമ്മിലെ മത്സരം ആവേശപ്പോരാട്ടമാകുമെന്നുറപ്പ്.
ഇന്ത്യ-പാക് ഫൈനല്‍ പ്രതീക്ഷിച്ച് ടിക്കറ്റുകള്‍ ഏകദേശം വിറ്റിരുന്നു. എങ്കിലും, ടിക്കറ്റ് പൂര്‍ണമായും വിറ്റഴിയാത്തതിനാല്‍ 250 ദിര്‍ഹം മുതല്‍ ഇപ്പോഴും ലഭ്യമാണ്. ദുബൈയെയും ഷാര്‍ജയെയും ത്രസിപ്പിച്ച ആവേശപ്പോരാട്ടങ്ങള്‍ക്കു ശേഷമാണ് പാക്-ലങ്ക ഫൈനല്‍ നടക്കുന്നത്. ഇതുവരെ നടന്ന 12 മത്സരങ്ങളില്‍ ആറും അവസാന ഓവര്‍ വരെ നീണ്ടിരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ ശ്രീലങ്ക തോല്പിച്ചതാണ് ടൂര്‍ണമെന്റില്‍ ട്വിസ്റ്റുണ്ടാക്കിയത്. ഇന്ത്യ-പാക് മൂന്നു മത്സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ടാകുമെന്നായിരുന്നു പ്രവചനം.
എന്നാല്‍, ലങ്കയോട് തോറ്റതോടെ ഇന്ത്യ പുറത്തായി. തിരുവോണ ദിനത്തില്‍ അഫ്ഗാനെതിരെ വിരാട് കോഹ്ലി നടത്തിയ ആറാട്ടായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ഏക ആശ്വാസം. ഫൈനലിന് ടിക്കറ്റെടുത്ത ഇന്ത്യക്കാര്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയുമുണ്ട്. ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്താനെതിരെ ഗാലറിയില്‍ ശ്രീലങ്കക്കായി ആര്‍പ്പുവിളിക്കാനെത്തുമെന്ന് ടിക്കറ്റെടുത്തവര്‍ പറയുന്നു. വെള്ളിയാഴ്ചത്തെ മത്സരത്തിന്റെ ക്ഷീണം മാറുംമുമ്ബാണ് പാകിസ്താനും ശ്രീലങ്കയും ഫൈനലിന് ഇറങ്ങുന്നത്. പാകിസ്താനികള്‍ ഏറെയുള്ള ദുബൈയില്‍ പച്ചപ്പടക്കായിരിക്കും ഗ്രൗണ്ട് സപ്പോര്‍ട്ട് കൂടുതല്‍ ലഭിക്കുക. ഫൈനല്‍ മത്സരം കാണാനെത്തുന്നവരുടെ തിരക്കുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.