ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. രാത്രി 7:30 ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനോട് തോറ്റ ഇന്ത്യക്ക് മത്സരം നിര്‍ണായകമാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ മുഖാമുഖത്തില്‍ പരമ്ബരാഗത വൈരികള്‍ക്കെതിരെ ജയം നേടിയ ടീം ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ തോല്‍വിയായിരുന്നു ഫലം. അവസാന ഓവറില്‍ അപ്രതീക്ഷിത പരാജയം പിണഞ്ഞ ഹിറ്റ്മാന്റെ സംഘത്തിന്, ടൂര്‍ണമെന്റില്‍ ഫൈനല്‍ സാധ്യത സജീവമാക്കാന്‍ തുടര്‍ ജയങ്ങള്‍ കൂടിയേ തീരൂ.
വിരാട് കോലി ഫോമിലെത്തിയെങ്കിലും ശരാശരിയില്‍ താഴെയുള്ള ബോളിംഗ് -ഫീല്‍ഡിംഗ് പ്രകടനങ്ങളാണ് ടീം ഇന്ത്യക്ക് തലവേദന. സൂപ്പര്‍ കൂള്‍ ഹാര്‍ദിക് തകര്‍ത്തടിച്ചാല്‍ ടീം ഇന്ത്യക്ക് പേടിക്കാന്‍ ഒന്നുമില്ല. പോരായ്മകളും പാളിച്ചകളും തിരുത്തിയുള്ള പ്രകടനത്തിലാണ് ടീമിന്റെ ശ്രദ്ധ.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ നാണം കെട്ട തോല്‍വിക്ക് അഫ്ഗാനിസ്ഥാനോട് കണക്ക് തീര്‍ത്തതിന്റെ ആവേശത്തിലാണ് ശ്രീലങ്ക. ദസുന്‍ ഷനകയുടെ ടീം താളം കണ്ടെത്തിക്കഴിഞ്ഞു. ബാറ്റിംഗില്‍ കുശാല്‍ മെന്‍ഡിസും പത്തും നിസംഗയും ധനുഷ്ക ഗുണതിലകെയും ഫോമിലാണ്. ദില്ഷന് മധുശങ്കര്‍, മഹീഷ് തീക്ഷണ,അവിഷ്ക്ക ഫെര്‍ണാണ്ടോ എന്നിവര്‍ക്കാണ് ബോളിംഗിന്റെ ചുക്കാന്‍.
വനിന്ദു ഹസറങ്ക എന്ന സൂപ്പര്‍ ഓള് റൌണ്ടറുടെ സാന്നിധ്യവും മരതക ദ്വീപുകാര്‍ക്ക് ഗുണം ചെയ്യും. ഇരു ടീമുകളും ആകെ 18 തവണ നേര്‍ക്ക് നേര് വന്നപ്പോള്‍ 11 തവണയും വിജയിച്ചത് ടീം ഇന്ത്യയാണ്. 2 തവണ ശ്രീലങ്ക ജയിച്ചപ്പോള്‍ 5 മത്സരങ്ങള്‍ സമനിലയിലായി. ഏതായാലും മുന്‍ ചാമ്ബ്യന്മാരും നിലവിലെ ചാമ്ബ്യമാരും തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരിനാണ് ദുബായ് സ്റ്റേഡിയം വേദിയാവുക.