പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞു അസം. അസമിലെ 222 ഗ്രാമങ്ങളിൽ വെള്ളത്തിനടിയിലാണ്. രൂക്ഷമായ പ്രളയം ഏഴ് ജില്ലകളിലായി 57,000 ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 10321.44 ഹെക്ടർ കൃഷി ഭൂമിയും പ്രളയത്തിൽ നശിച്ചു. 202 വീടുകൾ കനത്ത മഴയിൽ തകർന്നു. പ്രകൃതി ദുരന്തത്തിൽ ഒരു കുഞ്ഞു ഉൾപ്പെടെ മൂന്ന് പേരാണ് ഇതുവരെ മരിച്ചത്.
ദിമ ഹാസോ ജില്ലയിലെ 12 ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുകളുണ്ടായി. നിരവധി റോഡുകളും പാലങ്ങളും ജലസേചന സൗകര്യങ്ങളും പ്രളയക്കെടുതിയിൽ തകർന്നു. ഹോജായ്, ലഖീംപൂർ, നാഗൗൺ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും റെയിൽവേ പാളങ്ങളും മറ്റ് ഗതാഗത സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. ട്രെയിൻ ഗതാഗതം സ്തംഭിച്ച് ഒറ്റപ്പെട്ടുപോയ യാത്രക്കാരെ എയർഫോഴ്സിന്റെ സഹായത്തോടെയാണ് രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സൈന്യവും പാരാ-മിലിട്ടറി ഫോഴ്സും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.