ക്രൈസ്റ്റ്ചര്‍ച്ച്: വനിത ക്രിക്കറ്റ് ലോകകപ്പില്‍ ആസ്ട്രേലിയ ജേതാക്കളായി. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തോല്പിച്ചാണ് ആസ്ട്രേലിയ ഏഴാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
അലീസ ഹീലി (170), റേച്ചല്‍ ഹെയ്ന്‍സ് (68), ബെത് മൂണി (62) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. എന്നാല്‍ ഇംഗ്ലണ്ടിന്റെ മറുപടി 43.4 ഓവറില്‍ 285ന് അവസാനിച്ചു. പുറത്താകാതെ 148 റണ്‍സ് നേടിയ നാറ്റ് സ്കിവറിന്റെ പോരാട്ടം വിഫലമായി.
ടാമി ബ്യൂമോണ്ട് (27), നായിക ഹീഥര്‍ നൈറ്റ് (26), എമി ജോണ്‍സ് (20), സോഫിയ ഡങ്ക്ലി (22), ചാര്‍ലി ഡീന്‍ (21) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ആസ്ട്രേലിയക്കായി അലാന കിങ്ങും ജെസ് ജൊനാസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മേഗന് ഷൂട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി. താഹില മഗ്രാത്തും ആഷ്ലി ഗാഡ്നറും ഓരോ വിക്കറ്റെടുത്തു. അലീസ ഹീലിയാണ് കളിയിലെയും ടൂര്‍ണമെന്റിലെയും താരം.