ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായിരുന്ന ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു. തായ്ലൻഡിലെ കോ സമൂവിൽ വെച്ചായിരുന്നു അൻപതിരണ്ടുകാരന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
“ഷെയിൻ വോണിനെ ഇന്ന് തന്റെ വില്ലയിൽ പ്രതികരണമില്ലാത്ത അവസ്ഥയിൽ കണ്ടെത്തി. വൈദ്യ സംഘം പരമാവധി ശ്രമിച്ചിട്ടും അവനെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യർത്ഥിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ യഥാസമയം നൽകും.” ഷെയിൻ വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏകദിനത്തിലും, ടെസ്റ്റിലും ഒരേ പോലെ മിന്നിയ വോൺ 194 ഏകദിന മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും, 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകളും പിഴുതു. 2007 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കളിച്ചതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വോൺ, പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിലും ചരിത്രമെഴുതി.
2008 ലെ കന്നി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായിരുന്ന വോൺ, ആരും വിജയ സാധ്യത കൽപ്പിച്ചു കൊടുക്കാതിരുന്ന രാജസ്ഥാനെ കന്നി ഐപിഎല്ലിലെ ചാമ്പ്യന്മാരാക്കുകയായിരുന്നു. 2011 ൽ ഐപിഎല്ലിൽ നിന്നും വിരമിച്ച അദ്ദേഹം പിൽക്കാലത്ത് ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിരുന്നു.