മാനദണ്ഡങ്ങള്‍ പാലിച്ചല്ല വിസി നിയമനം നടത്തിയിട്ടുള്ളതെന്നും, പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും വിശദീകരണം ഉണ്ടെങ്കില്‍ അതു നല്‍കണമെന്നും കാട്ടി സംസ്ഥാനത്തെ 10 സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ നോട്ടീസ് നല്കി നേരിട്ട് ഹിയറിംഗിനായി വിളിച്ചിരിക്കുന്നതിനിടെയാണ് ഇന്നലെ കുഫോസ് സര്‍വകലാശാലാ വിസി നിയമനത്തില്‍ യുജിസി നിബന്ധനകള്‍ പാലിച്ചില്ലെന്നു കാട്ടി ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
വിസി നിയമനത്തിനായുള്ള പട്ടികയിലേക്ക് അപേക്ഷ നല്കിയവരില്, മറ്റുള്ളവര്‍ക്കു യോഗ്യതയില്ലെങ്കില്‍ ഒരാളുടെ പേരു മാത്രമായി ചാന്‍സലര്‍ക്കു നല്കിയാല് എന്താണു തെറ്റെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മുന്നോട്ടുവച്ച വാദം. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങള്‍ റദ്ദാക്കിയതോടെ ഈ വാദം ഇനി നിലനില്‍ക്കില്ല.
വിസി നിയമനത്തില്‍ യുജിസി മാര്ഗനിര്ദേശങ്ങളോടൊപ്പംതന്നെ സംസ്ഥാന നിയമങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന നിലപാടും സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ആ വാദത്തിനും തുടര്‍ച്ചയായ കോടതിവിധികളോടെ ബലമില്ലാതായി. എന്നാല്‍, യുജിസി ചട്ടം പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ സേര്‍ച്ച് കമ്മിറ്റി മുഖേന നല്കിയ ലിസ്റ്റിനു ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിനെയും കോടതി ഇന്നലെ വിമര്‍ശിച്ചതും ഏറെ ശ്രദ്ധേയമാണ്.
ഇതോടെ, ഇനിയുള്ള ഗവര്‍ണറുടെ നീക്കം ഏറെ പ്രാധാന്യമുള്ളതാണ്. കെടിയു വിസിക്കെതിരേയുണ്ടായ സുപ്രീംകോടതി വിധിക്കു പിന്നാലെ കഴിഞ്ഞ മാസം ഗവര്‍ണര്‍ സംസ്ഥാനത്തെ 10 സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോട് അടിയന്തരമായി രാജി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വൈസ് ചാന്‍സലര്‍മാര്‍ കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഇവര്‍ക്കു ഗവര്‍ണറുടെ മുന്‍പാകെ വിശദീകരണം നല്കാന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നേരിട്ടുള്ള ഹിയറിംഗിനായി സമയം നല്കാന് തീരുമാനിച്ച സാഹചര്യത്തിനിടെയാണ് ഇന്നലെ കുഫോസ് വിസിയെ ഹൈക്കോടതി പുറത്താക്കിയത്.
യുജിസി മാനദണ്ഡത്തിനു വിരുദ്ധമായി സേര്‍ച്ച് കമ്മിറ്റി ഒറ്റപ്പേരുമാത്രം നല്കപ്പെട്ടവര്, സേര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ക്കു പകരം സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയ കാരണങ്ങളാലാണ് വിസിമാര്‍ക്കു ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.
ഒക്ടോബര്‍ 24നു കാലാവധി അവസാനിച്ച കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിള്ള, എംജി വിസി ഡോ. സാബു തോമസ്, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വിസി ഡോ. കെ.എന്‍. മധൂസുദനന്‍, കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷേഴ്സ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് വിസി ഡോ.കെ. റിജി ജോണ്‍, എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ. എം.എസ്. രാജശ്രീ, ശ്രീശങ്കര സംസ്കൃത സര്‍വകലാശാലാ വിസി ഡോ. എം.വി. നാരായണന്, കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ. ജയരാജ്, , തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല വിസി ഡോ. വി. അനില്‍കുമാര്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി പി.എം. മുബാറക് എന്നിവരോടായിരുന്നു വിശദീകരണം തേടിയത്.
വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ക്കു വേഗം കൂട്ടാന്‍ ഇന്നലത്തെ കോടതി വിധി കാരണമായേക്കും. ഇതിനിടെ, ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇന്നോ നാളെയോ തീരുമാനം ഉണ്ടാവും. നിയമവശങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.