ഇന്ത്യയിൽ കോവിഡ് വാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്ക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്സിനുകളും മരുന്നുകളും ഉപയോഗിക്കാന്‍ അനുമതി നല്‍കുക.
ഡിസംബർ നാലിന് കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന് ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. അമേരിക്കൻ കമ്പനിയായ ഫൈസർ അവരുടെ വാക്സിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. മൂന്ന് കമ്പനികളും നൽകിയ അപേക്ഷയിൽ ഡിസിജിഐയുടെ വിദഗ്ദ്ധ സമിതി തീരുമാനമെടുക്കും.
കേന്ദ്ര സർക്കാർ സ്ഥാപനമായ ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. കോവാക്സിൻ നിലവിൽ 18 സെൻ്ററുകളിലായി 22,000 വോളന്റിയർമാർക്കാണ് നൽകി കൊണ്ടിരിക്കുകയാണ്.