കർഷക നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദ് പ്രതിഷേധത്തിന് പോകാന്‍ അനുവദിക്കാതെ യു.പി. പൊലീസ് അദ്ദേഹത്തെ വീട്ടിൽ ചെന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകൾക്കും ഓഫീസുകൾക്കും ചുറ്റും പൊലീസിന്റെ അപ്രഖ്യാപിത ഉപരോധം നിലനിൽക്കുകയാണ്.
അതേസമയം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. കെ.കെ.രാഗേഷ് എംപിയും പി.കൃഷ്ണപ്രസാദും അറസ്റ്റിലായി. ഭാരത് ബന്ദിൽ പഞ്ചാബും ഹരിയാനയും പൂർണമായും നിശ്ചലമായി. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. ഡൽഹിയിൽ 11 മണിക്ക് തുടങ്ങിയ റോഡ് ഉപരോധങ്ങൾ ഇപ്പോഴും തുടരുകയാണ്.