ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ചൈനയൊഴികെ മറ്റേതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് രീതികളെ കുറിച്ചും ആധാറിനേ കുറിച്ചും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു. സിങ്കപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിന്റെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇന്ത്യയിൽ നടക്കുന്നതെന്നും ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങള്‍ അസാധാരണമാണെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു മികച്ച മാതൃകയാണ്. ഓപ്പണ്‍സോഴ്സ് സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ സമാനമായ വ്യവസ്ഥിതികള്‍ അവതരിപ്പിക്കാന്‍ മതിയായ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്ത മറ്റുരാജ്യങ്ങളെ തങ്ങളുടെ സംഘടന സഹായിച്ചുവരികയാണെന്നും ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു.