തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കാനും ചാന്‍സലറായ ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കാനും ലക്ഷ്യമിടുന്ന സര്‍വകലാശാല നിയമ (ഭേദഗതി) ബില്‍ നിയമസഭയില്‍.
ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളിയാണ് സ്പീക്കര്‍ അവതരണാനുമതി നല്‍കിയത്. ബില്‍ സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയും ചെയ്തു.
ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്നും വൈസ് ചാന്‍സലര്‍ നിയമനം കുറ്റമറ്റതാക്കാനാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു സഭയില്‍ പറഞ്ഞു. വി.സി നിയമനത്തിനായി രൂപവത്കരിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന അഞ്ചംഗ സെര്‍ച്ച് കം സെലക്ഷന് കമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങള്‍ നല്കുന്ന പാനലില്‍നിന്ന് ചാന്‍സലര്‍ വി.സിയെ നിയമിക്കണം എന്നത് 2018ലെ യു.ജി.സി െറഗുലേഷന് വിരുദ്ധമാണെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ചാന്‍സലറുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്ലെന്നും പരിശോധനാകോടതിയില് ഇത് പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മൂന്ന് അംഗങ്ങളുടെ കാര്യമാണ് യു.ജി.സി െറഗുലേഷനില്‍ പറയുന്നതെന്നും മറ്റ് അംഗങ്ങള്‍ ആരായിരിക്കണമെന്ന് വ്യവസ്ഥയില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു. ഇതില്‍ സംസ്ഥാനത്തിന് നിയമനിര്‍മാണത്തിന് അധികാരമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശപ്രകാരമാണ് നിയമനിര്‍മാണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.ജി.സി െറഗുലേഷന് കേന്ദ്ര സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും കല്‍പ്പിത സര്‍വകലാശാലകള്‍ക്കും മാത്രമാണ് നിര്‍ബന്ധമെന്നും സംസ്ഥാനത്തിന്റെ പരിധിയിലുള്ള സര്‍വകലാശാലകള്‍ക്ക് െറഗുലേഷന്, നിര്‍ദേശക സ്വഭാവത്തില്‍ മാത്രമുള്ളതാണെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമമന്ത്രി പി. രാജീവ് പറഞ്ഞു.
സെര്‍ച്ച് കമ്മിറ്റി അംഗബലം അഞ്ചാക്കാന്‍ വ്യവസ്ഥ
വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം മൂന്നില്‍നിന്ന് അഞ്ചാക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രതിനിധി, ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി എന്നിവര്‍ക്ക് പുറമെ സര്‍ക്കാര്‍ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും അംഗമാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
നേരേത്ത സമിതി കണ്‍വീനറെ ചാന്‍സലര്‍ നിയമിച്ചിരുന്നെങ്കില്‍ ബില്ലില്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ കണ്‍വീനറാക്കാനാണ് വ്യവസ്ഥ. വി.സി നിയമന പ്രായപരിധി 65 വയസ്സാക്കണം. കമ്മിറ്റി കാലാവധി മൂന്ന് മാസവും ചാന്‍സലര്‍ നീട്ടിനല്‍കുന്നത് പ്രകാരം ഒരുമാസവും കൂടി അനുവദിക്കും. ഭൂരിപക്ഷം അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പാനലില്നിന്നാകണം വി.സിയെ നിയമിക്കേണ്ടത്. ഏതെങ്കിലും കമ്മിറ്റി അംഗം പാനല്‍ സമര്‍പ്പിക്കാതിരുന്നാലും വി.സി നിയമനം സാധുവായിരിക്കുമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കും.
ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല -ഗവര്‍ണര്‍
തിരുവനന്തപുരം: ഏത് ബില്‍ പാസാക്കിയാലും അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമസഭക്ക് ബില്‍ പാസാക്കാന്‍ അധികാരമുണ്ട്.
ഏത് ബില്‍ പാസാക്കിയാലും സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നടപടികളോ വൈസ് ചാന്‍സലര്‍ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്ന് ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള തീരുമാനം പൊതുജനങ്ങള്‍ അറിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയാണ്. രാഷ്ട്രീയ നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിഷയത്തില്‍ താനെടുത്ത നടപടി കോടതിയും ശരിെവച്ചതായാണ് മനസ്സിലാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.