പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായതിനിടെ പാർട്ടി വക്താക്കൾക്ക് വ്യക്തമായ മാർഗനിർദ്ദേശവുമായി ബിജെപി. പാർട്ടി നിർദ്ദേശിക്കുന്നവർ മാത്രം ചർച്ചകളിൽ പങ്കെടുത്താൽ മതിയെന്നും ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും മാർഗനിർദേശത്തിലുണ്ട്. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് വക്താക്കൾ സംസാരിക്കരുതെന്നും നിർദേശത്തിലുണ്ട്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകാനും പറഞ്ഞിട്ടുണ്ട്.
അതിനിടെ, ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന അപലപിച്ച് തുർക്കിയും രംഗത്തെത്തി. എന്നാൽ പാർട്ടി നേതാക്കൾക്കെതിരായ നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു.
ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ഉന്നത ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീർന്നില്ലെങ്കിൽ യുഎഇ സൗദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും.