ജർമ്മൻ യുവതിയെ കടന്ന് പിടിച്ച ടിഒ ഏലിയാസിനെതിരെ കേസ്

പാത്രിയര്‍ക്കീസ് ബാവയുടെ പവര്‍ ഓഫ് അറ്റോര്‍ണിയും ക്‌നാനായ സമുദായ മുന്‍ ട്രസ്റ്റിയും സിസ്റ്റര്‍ ഹാത്തൂണ്‍ ഫൗണ്ടേഷന്‍ ഏഷ്യാ സെക്ടര്‍ ജനറല്‍ സെക്രട്ടറിയുമായ ടിഒ ഏലിയാസിനെതിരെയുള്ള ലൈംഗീക പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശം. ഇന്ത്യക്കാര്‍ കൂടുതല്‍ ലൈംഗീക താല്‍പര്യമുള്ളവരാണെന്ന് പറഞ്ഞ് കാറില്‍ വെച്ച് തന്നെ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നുമുള്ള വിദേശ വനിതയുടെ പരാതിയിലാണ് കോടതി നടപടി. പീഡനത്തില്‍ രാമങ്കരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെ ഫോട്ടോ ഗ്രാഫറുകൂടിയാ വിദേശവനിത സമീപിച്ചത്. ഹാത്തൂണ്‍ ഫൗണ്ടേഷനില്‍ സൗജന്യമായി ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ച് വരുകയായിരുന്നു ഇവര്‍.

കോട്ടയത്തെ വിന്‍സര്‍ കാസില്‍ ഹോട്ടലിന്റെ ഉടമകളില്‍ ഒരാളും ചരിത്ര എഴുത്തുകാരനും കൂടിയായ ടിഒ ഏലിയാസിന്റെ ലൈംഗീകാതിക്രമത്തെക്കുറിച്ച് വിദേശ വനിത പറയുന്നത് ഇങ്ങനെയാണ്. 2014-16 കാലഘട്ടത്തിലാണ് സിസ്റ്റര്‍ ഹാത്തൂണ്‍ ഫൗണ്ടേഷന്റെ ഭാഗമായി ആദ്യമായി പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് 2022 ഏപ്രില്‍ ആദ്യവാരമാണ് ഒരു വര്‍ഷത്തെ തൊഴില്‍ വിസയില്‍ ചങ്ങനാശ്ശേരിയിലെ സിസ്റ്റര്‍ ഹാത്തൂണ്‍ ഫൗണ്ടേഷനില്‍ അധ്യാപികയായി എത്തുന്നത്. ഹാത്തൂണ്‍ ഫൗണ്ടേഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ ഹോസ്റ്റലില്‍ ആയിരുന്നു താമസം. എന്നാല്‍ താമസസ്ഥലത്തെ ടോയ്‌ലറ്റിന്റെ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ ആറിന് ടിഒ ഏലിയാസ് വിന്‍സര്‍ കാസില്‍ ഹോട്ടലില്‍ മറ്റൊരു താമസസൗകര്യം ഒരുക്കി. ഇവിടേക്കുള്ള യാത്രക്കിടയിലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം. കോട്ടയത്തേക്കുള്ള കുറുക്കുവഴി എന്ന് വിശ്വസിപ്പിച്ച് ഉള്‍വഴികളിലൂടെയാണ് കാറ് പോയത്.

ഇന്ത്യക്കാര്‍ പൊതുവെ ലൈംഗീകതയ്ക്ക് കൂടുതല്‍ ആവശ്യമുള്ളവരാണ് എന്ന് പറഞ്ഞുകൊണ്ട് സംസാരിച്ച് തുടങ്ങിയ ടിഒ ഏലിയാസ്, സെക്‌സിന് താല്‍പര്യം ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞിട്ടും ലൈംഗിക ഉദ്ദേശത്തോടെ ബലം പ്രയോഗിച്ച് തന്റെ ശരീരത്തില്‍ പിടിച്ചു. ഇത് തന്നില്‍ ഞെട്ടല്‍ ഉളവാക്കി. ഇത്തരത്തില്‍ ഒരുപെരുമാറ്റം ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലെ കാലാവസ്ഥ നിങ്ങളുടെ സെക്‌സിനോടുള്ള ആവശ്യം വര്‍ദ്ധിപ്പിക്കും. എന്തെങ്കിലും ലൈംഗിക ആവശ്യങ്ങള്‍ ഉണ്ടായാല്‍ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് കൈയ്യിലും തുടയിലും ടിഒ ഏലിയാസ് പിടിച്ചു. ഈ സമയം ശക്തമായി പ്രതികരിച്ചതോടെ അയാള്‍ പിന്‍വാങ്ങി. ടിഒ ഏലിയാസിന്റെ മോശംപെരുമാറ്റം കാരണം തുടര്‍ന്ന് വിന്‍സര്‍ കാസിലില്‍ താന്‍ താമസിക്കാതെ അവിടെ നിന്ന് കൊച്ചിയിലേക്ക് രക്ഷപ്പെട്ടു എന്നും, അതിക്രമം പുറത്ത് പറയരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും വിദേശ വനിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് കടവന്ത്രയില്‍ താമസിച്ച് വരുകയായിരുന്നു ഇവര്‍.

സഹായത്തിനായി സിസ്റ്റര്‍ ഹത്തൂണിനെ അറിയിച്ചെങ്കിലും ഒരു ഗുണവുമുണ്ടായില്ല. സിസ്റ്റര്‍ ഹാത്തൂണ്‍ ഫൗണ്ടേഷനിലെ പല വിദ്യാര്‍ത്ഥികളേയും ലൈംഗീകമായി ടിഒ ഏലിയാസ് ഉപദ്രവിക്കാറുണ്ടെന്നും വിശ്വാസത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി പണമിടപടുകള്‍ നടത്തുന്നുണ്ടെന്നും ജര്‍മ്മന്‍ വനിതയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവന് അപകടത്തിലാകുന്ന തരത്തിലേക്ക് ടിഒ ഏലിയാസില്‍ നിന്ന് നിരന്തരമായി ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് രാമങ്കരി പോലീസ് സ്‌റ്റേഷനില്‍ സെപ്റ്റബര്‍ 20 ന് പരാതിയുമായി എത്തിയത്. പക്ഷെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ഒക്ടോബര്‍ നാലാം തിയതി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും, രാമങ്കരി പോലീസ് സ്‌റേഷനില്‍ വീണ്ടും പരാതി നല്‍കുകയും ചെയ്തു.

ഇതിലും യാതൊരുവിധ നടപടിയും ആകാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ പതിനൊന്നിന് രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായി വാദം കേട്ട കോടതി അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. സ്ത്രീയെ ബലം പ്രയോഗിച്ച് ലൈഗീക അതിക്രമം നടത്തുക, പിന്തുടര്‍ന്ന് ശല്ല്യപ്പെടുത്തുക, ജീവന് ആപത്തുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങി ഐപിസി 354, 354 എ, 354 ഡി, 506 രണ്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതില്‍ ഐപിസി 354 ജാമ്യം ലഭിക്കാത്ത വകുപ്പാണ്. ഇതിനിടെ ടിഒ ഏലിയാസ് തൊഴില്‍ വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 12 ന് വിദേശ വനിത നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വിസ റദ്ദാക്കിയ നടപടിയ്‌ക്കെതിരെ സെപ്റ്റബര്‍ ആദ്യം ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഏലിയാസിന് ഹൈക്കോടതി സെപ്റ്റബര്‍ ആറിന് നോട്ടീസ് അയച്ചു. വിസ റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍, കമ്മീഷണര്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, ഫോറിനഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചു. ജസ്റ്റിസ് എന്‍ നാഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...