ജാതി അടിസ്ഥാനമാക്കിയുള്ള സ്ഥല പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇങ്ങനെയുള്ള സ്ഥലങ്ങൾക്ക് ചരിത്രത്തിലെ നേതാക്കന്മാരുടെ പേരുകള്‍ നല്‍കാനാണ് മഹാവികാസ് അഘാടി സര്‍ക്കാരിന്റെ തീരുമാനം. ഇത്തരത്തിലുള്ള പ്രദേശങ്ങളുടെ പട്ടിക സമര്‍പ്പിക്കാൻ പ്രാദേശിക നഗര വികസന വകുപ്പുകളോട് സർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മഹര്‍-വാഡ, ബൗദ്ധ്-വാഡ, മംഗ്-വാഡ, ബ്രാഹ്മണ-വാഡ തുടങ്ങിയ പേരുകള്‍ മഹാരാഷ്ട്രയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നവയാണ്. എന്നാല്‍ ഒരു പ്രത്യേക സമുദായത്തിന്റെ പ്രദേശമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ടെന്നും ഇതൊഴിവാക്കാനാണ് പേര് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യഥാക്രമം സമത നഗര്‍, ഭീം നഗര്‍, ജ്യോതി നഗര്‍, ഷാഹു നഗര്‍, ക്രാന്തി നഗര്‍ എന്നിങ്ങനെയാകും ഇവയ്ക്ക് പേരിടുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പെരുമാറ്റാനുള്ള തീരുമാനം സാമൂഹിക ഐക്യവും ദേശീയ ഐക്യവും നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.