നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വിചാരണ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ആര് ശ്രീലേഖയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിലാണ് നടന് ദിലീപിനെ പിന്തുണച്ച് ശ്രീലേഖ യുട്യൂബ് വീഡിയോയുമായി രംഗത്തെത്തിയത്. കേസില്‍ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് പറഞ്ഞ ശ്രീലേഖ, അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും ഉയര്‍ത്തി.