ന്യൂഡല്‍ഹി: പെഗാസസ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കില്ലെന്ന് സുപ്രിം കോടതി സമിതി. എന്നാല്‍ ഇതേപ്പറ്റി അറിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചു. പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി രൂപവത്കരിച്ച ജസ്റ്റിസ് ആര്.വി.രവീന്ദ്രന് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരാമര്‍ശം.
അന്വേഷണത്തില്‍ ചാരസോഫ്റ്റ്വെയറിന്റെ സാന്നിധ്യം കണ്ടെത്തി. സുപ്രീംകോടതി സമിതി പരിശോധിച്ച 25 ഫോണുകളില്‍ അഞ്ചെണ്ണത്തിലാണ് ചാര സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തിയത്. എന്നാല്‍ ഇത് പെഗസസ് ആണോ എന്നതിന് തെളിവില്ല. ഫോണുകള്‍ ആരുടേതാണെന്ന് വെളിപ്പെടുത്തില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, നിയമവിരുദ്ധ നിരീക്ഷണത്തില്‍ പൗരന്മാര്ക്ക് ഏര്‍പ്പെടുത്താന്‍ സംവിധാനം വേണമെന്ന് റിപ്പോര്‍ട്ടിലൂടെ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട് . സ്വകാര്യതയും സൈബര്‍ സുരക്ഷയും ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഈ വിഷയത്തില്‍ വലിയ നിയമനിര്‍മാണം ഉണ്ടായേക്കുമെന്ന സൂചന സുപ്രിംകോടതി നല്കി.