ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ്, ലിവർപൂളിനെ നേരിടും. പോരാട്ടങ്ങളുടെ പോരാട്ടത്തിനായി പാരീസ് ഒരുങ്ങിക്കഴിഞ്ഞു. തങ്ങളുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയാണ് ലിവർപൂൾ ഇറങ്ങുന്നത്. അതേസമയം പതിമൂന്ന് കിരീടങ്ങളുടെ തിളക്കവുമായാണ് റയൽ മാഡ്രിഡ് മൈതാനത്തിറങ്ങുക. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്.
പ്രീ ക്വാർട്ടറിൽ പാരിസ് സെൻ്റ് ജെർമൻ, ക്വാർട്ടറിൽ ചെൽസി, സെമിയിൽ മാഞ്ചസ്റ്റർ സിറ്റി. ഫൈനലിലേക്കുള്ള യാത്രയിൽ റയൽ തകർത്തെറിഞ്ഞത് വമ്പന്മാരെയായിരുന്നു. ലിവർപൂളിനാവട്ടെ താരതമ്യേന എളുപ്പമുള്ള എതിരാളികളായിരുന്നു. ഇൻ്റർ മിലാൻ, ബെൻഫിക്ക, വിയ്യാറയൽ എന്നീ ടീമുകളെയാണ് യഥാക്രമം, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങളിൽ ലിവർപൂൾ മറികടന്നത്.
ഇരുനിരയിലും താരങ്ങളെല്ലാം പരിക്കിൽനിന്ന് മുക്തരായി. റയൽ ഉറ്റുനോക്കുന്നത് കരീം ബെൻസേമയുടെ ബൂട്ടുകളിലേക്കുതന്നെ. ഒപ്പം വിനീഷ്യസ് ജൂനിയറും ഫെഡേ വെൽവെർദേയുമുണ്ടാവും. പകരക്കാരനായി ഇറങ്ങുന്ന റോഡ്രിഗോയും അപകടകാരി. മുഹമ്മദ് സലാ, സാദിയോ മാനേ, ലൂയിസ് ഡിയാസ് എന്നിവരിലാണ് ലിവർപൂളിന്റെ പ്രതീക്ഷ. മധ്യനിരയില്‍ കാസിമിറോ, ക്രൂസ്, മോഡ്രിച്ച് റയൽ ത്രയത്തിന് തിയാഗോ, ഫാബീഞ്ഞോ, ഹെൻഡേഴ്സൺ എന്നിവരാണ് ചെമ്പടയുടെ ബദൽ. റയലിന്റെയും ലിവർപൂളിന്റേയും പ്രതിരോധവും സുശക്തം. അവസാന സെക്കൻഡുവരെ പ്രതീക്ഷ കൈവിടാത്ത ആഞ്ചലോട്ടിയുടെയും ക്ലോപ്പിന്റേയും തന്ത്രങ്ങൾ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് സ്വപ്നപോരാട്ടമാണ്.