ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളവും ഉൾപ്പെടുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രജലക്കമ്മീഷന്‍. ഇതേ തുടർന്ന് തെക്കന്‍ ജില്ലകളിലെ 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരോട് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താൻ നിർദേശിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചന്‍കോവില്‍ ആറ്റിലും പമ്പയിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കക്കി ഡാം, കല്ലട ഡാം, നെയ്യാര്‍ റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നല്കി.