തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായുളള കൂടികാഴ്ചയ്ക്കായി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഉച്ചയ്ക്ക് ശേഷമാണ് യാത്ര തിരിക്കുക. മുഖ്യമന്ത്രിക്കൊപ്പം ജോണ്‍ ബ്രിട്ടാസ് എം.പിയും ഉണ്ട്.കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പിന്തുണ തേടുകയും കൊവിഡിന് ശേഷമുള്ള സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ സഹായം നേടിയെടുക്കുകയുമാണ് യാത്രയുടെ ലക്ഷ്യം.നാളെയോ മറ്റന്നാളോ ആകും കൂടിക്കാഴ്ച.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാക്സിന് ഡോസുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസര്‍കോട് സെമി ഹൈ സ്പീഡ് റെയില്‍വേ പദ്ധതിയുടെ കേന്ദ്രാനുമതി സംബന്ധിച്ചും ചര്‍ച്ച നടത്തും. കന്യാകുമാരി – മുംബയ് ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍ തിരുവനന്തപുരത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.