തിരുവനന്തപുരം: തമിഴ്നാട്ടില്‍ കോളറ പടരുന്നതിനാല്‍ കേരളത്തിലും അതിജാഗ്രതാ നിര്‍ദേശം. തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമുണ്ട്.
ഇതേതുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു. വയറിളക്ക പ്രതിരോധം ശക്തമാക്കുക, സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക എന്നിവയാണ് നിര്‍ദേശങ്ങള്‍. ഒആര്‍എസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തനം വൈകാതെ നടപ്പാക്കുകയും കുടിവെള്ള ശ്രോതസ്സുകള്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണം.
സാംപിളുകള്‍ ശേഖരിക്കുന്നതോടൊപ്പം ആ പ്രദേശത്ത് ക്ലോറിനേഷന് നടത്തി ബോധവത്കരണ പരിപാടികള്‍ നടത്തണം. വ്യക്തിശുചിത്വം, കൈകഴുകല്‍, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒആര്‍എസ്, സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗം ഗുണം എന്നിവയെല്ലാം ബോധവത്കരണത്തില്‍ ഉള്‍പ്പെടുത്തണം.
ആഹാരം അടച്ചു സൂക്ഷിക്കുക, പഴകിയ ആഹാരം കഴിക്കാതിരിക്കുക, പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക, ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കുക, അടുത്ത പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് വയറിളക്ക് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കുക എന്നിവയാണ് കോളറ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍.