സനോജ് എ എസ് ||OCTOBER 25,2021
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സിനിമ തിയറ്റുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് തുറക്കുന്നു. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാകും പ്രവേശനം. ജീവനക്കാരും രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആദ്യ ഘട്ടത്തില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുളളൂ. തീയറ്ററുകള്‍ ഇന്ന് തുറക്കുമെങ്കിലും ബുധനാഴ്ച മുതലെ പ്രദര്‍ശനം ആരംഭിക്കുകയുളളൂ.
ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാകും ആദ്യ ദിനമായ ബുധനാഴ്ച പ്രദര്‍ശിപ്പിക്കുക. നവംബര്‍ 12ന് ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.
കോവിഡ് വ്യാപനം മൂലം പ്രദര്‍ശനങ്ങള്‍ നിറുത്തിവയ്ക്കേണ്ടി വന്നതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് തിയറ്റര്‍ ഉടമകള്‍ക്ക് ഉണ്ടായത്. അടച്ചിട്ട സമയത്തും വൈദ്യുതി ബില്‍ അടയ്ക്കേണ്ടി വന്ന സാഹചര്യം ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പകുതി സീറ്റുകളില്‍ മാത്രമാണ് പ്രവേശനം എങ്കിലും ചെലവുകളില്‍ കുറവ് ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
കോവിഡ് വ്യാപനത്തോടെ 2020 മാര്‍ച്ചിലാണ് തീയറ്റുകള്‍ക്ക് പൂട്ട് വീണത്. പിന്നീട് 10 മാസങ്ങള്‍ക്ക് ശേഷം പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ 2021 ജനുവരി 13 ന് തിയറ്റുകള്‍ തുറന്നെങ്കിലും വീണ്ടും ഏപ്രില്‍ പകുതിയോടെ അടയ്ക്കേണ്ടി വന്നിരുന്നു. ഓരോ പ്രാവശ്യം തുറക്കുമ്പോഴുളള ശുചീകരണത്തിനും അറ്റകുറ്റപണികള്‍ക്കും ആയി വലിയ ഒരു തുകയാണ് എല്ലാ ഉടമകളില്‍ നിന്നും ചെലവാകുന്നത്.