ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലുമായുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 20 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം നടത്താനും നാശനഷ്ടങ്ങൾ വിലയിരുത്താനും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ എട്ട് പേരും ഹിമാചൽ പ്രദേശിൽ 14 പേരുമാണ് മരണപ്പെട്ടത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായതായി ഹിമാചൽ പ്രദേശ് ചീഫ് സെക്രട്ടറി അനിൽ ഖാച്ചി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ലാഹോളിൽ 10 പേരും കുളുവിൽ 4 പേരുമാണ് മരിച്ചത്. ലാഹോൾ-സ്പിതി, കുളു, ചമ്പ എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിലധികം മണ്ണിടിച്ചിലുകൾ ഉണ്ടായതിനാൽ കൽക്ക-ഷിംല ഹൈവേ, ചണ്ഡീഗഡ്-മണാലി ഹൈവേ എന്നിവ തടസ്സപ്പെട്ടിട്ടുണ്ട്. തീർഥാടന കേന്ദ്രമായ അമർനാഥ് ക്ഷേത്ര പരിസരത്തും മേഘവിസ്ഫോടനമുണ്ടായി.
കിഷ്ത്വാർ ജില്ലയിലെ ഡച്ചൻ, ബൗജ്വ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരുടെ മൃതദേഹങ്ങൾ ഡാച്ചിനിൽ നിന്ന് കണ്ടെടുത്തു. അതേസമയം, പോലീസും സൈന്യവും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 17 പേരെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തി. പതിനേഴ് പേരെ ഇപ്പോഴും കാണാനില്ല.