ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ ഹേമന്ത് നായരും വ്യക്തമാക്കി. തന്റെ നോവലിന്റെ പേര് സിനിമയ്ക്കിടുന്നതിൽ വിലക്കേർപ്പെടുത്തിയ ഫിലിം ചേംബറിന് നന്ദി പറഞ്ഞായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്.
സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് നൽകുന്നതിൽ വിലക്കേർപ്പെടുത്തിയതായി ഫിലിം ചേംബറിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചെന്നും എൻ എസ് മാധവൻ പറയുന്നു.കൂടാതെ സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്റെ സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരുതരത്തിലും മാറ്റില്ലെന്നാണ് സംവിധായകൻ ഹേമന്ത്. ജി. നായരുട നിലപാട്. എൻ.എസ്. മാധവനെ മനപ്പൂർവം വേദനിപ്പിച്ചിട്ടില്ലെന്നും എൻ. എസ് മാധവന്റെ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങൾക്കോ യാതൊരു ബന്ധവുമില്ലെന്നും ഹേമന്ത് വ്യക്തമാക്കി. കൊവിഡും തുടർന്നുണ്ടായ പല പ്രതിസന്ധികളിലൂടെയും കടന്നു പോയി ഇപ്പോഴാണ് ഹിഗ്വിറ്റ റിലീസിനൊരുങ്ങുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോൾ എന്തുകൊണ്ട് ഉണ്ടായി എന്ന് തനിക്ക് അറിയില്ല. ഒരുപാട് ബഹുമാനിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. അദ്ദേഹത്തിന് ഇത്തരത്തിൽ വിഷമമുണ്ടായി എന്നതിൽ തനിക്ക് ഖേദമുണ്ടെന്നും ഹേമന്ത് പറഞ്ഞു.